Thursday, January 7, 2010

ഓളപ്പരപ്പിലെ ഓര്‍മ്മകള്‍

വലുതാകുമ്പോള്‍ ഒരു ബോട്ട് ലാസ്കര്‍ ആകണം എന്ന ആഗ്രഹത്തില്‍ തുടങ്ങുന്നു നാടിനെ കുറിച്ചുള്ള എന്‍റെ ഓര്‍മ്മ. നാലുവശത്തും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന എന്‍റെ നാട്ടില്‍ പുറം ലോകക്കാഴ്ചകള്‍ ബോട്ടിന്‍റെ അഴികളിലൂടെ ആയിരുന്നു.

കരയിലേക്കാള്‍ കൂടുതല്‍ വള്ളത്തിലും വെള്ളത്തിലും ബോട്ടിലും ജീവിച്ച ഞങ്ങളുടെ ദൈനംദിന ജീവിത്തതില്‍ കാണാമായിരുന്ന ഏറ്റവും മഹാനായ വ്യക്തി ബോട്ടില്‍ നിന്നും യാത്രക്കാരെ സുരക്ഷിതമായി പുറത്തേക്കിറങ്ങാന്‍ സഹായിച്ചിരുന്ന ലാസ്കറായിരുന്നു.

വലുതാകുമ്പോള്‍ ഒരു ലാസ്കറായി, ഒരു ദിവസം എന്‍റെ അപ്പൂപ്പനെ ബോട്ടില്‍ നിന്നു കൈപിടിച്ചിറക്കുക എന്നതായിരുന്നു എന്‍റെ വലിയ ആഗ്രഹം. എന്‍റെ മാത്രമല്ല, ആ നാട്ടില്‍, ഞങ്ങളുടെ കുട്ടനാട്ടില്‍ ജനിച്ചു വളര്‍ന്ന ഓരോ കുട്ടിക്കും അവരുടെ സ്വപ്നങ്ങളില്‍ പോലും വെള്ളവും വള്ളവും ഒഴിവാക്കാന്‍ ആവുമായിരുന്നില്ല. ലളിതമായി പറഞ്ഞാല്‍ തവളക്കുഞ്ഞുങ്ങളും ഞങ്ങളും ഒരേ പോലെയാണു അവിടെ ജനിച്ചു വളര്‍ന്നത്.


ബോട്ട് നെടുമുടിയില്‍ എത്തുമ്പോളാണു ഒരു വാഹനം കാണാനാവുക. ആ ദൂരക്കാഴ്ച പോലും ഒരു ആഘോഷമാണ്. ഇന്നു കുട്ടനാടിന്‍റെ ജീവനാഡിയായ ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിനെ അന്നു മൂന്ന് ആറുകള്‍ നാലായി മുറിച്ചിട്ടിരുന്നു. ഇന്നു വെറും നാല്‍പതു മിനിട്ടിന്‍റെ യാത്ര അന്നു നാലു ബസുകളും മൂന്നു ചങ്ങാടങ്ങളും കേറി മണിക്കൂറുകളുടെ യാത്ര ആയിരുന്നു.

ബസ്സില്‍ കിടങ്ങറയിലും നെടുമുടിയിലും പള്ളാത്തുരുത്തിയിലും ഇറങ്ങുന്നവര്‍ അവിടങ്ങളില്‍ നിന്നുള്ള ബോട്ടുകളില്‍ കയറി കുട്ടനാടിന്‍റെ ഉള്‍പ്രദേശങ്ങളിലുള്ള അവരവരുടെ വീടുകള്‍ പറ്റും. ബസ് വന്നിറങ്ങിയാലും മണിക്കൂറുകള്‍ കഴിഞ്ഞാവും അടുത്ത ബോട്ട് എത്തുക.ജീവിതത്തിന്‍റെ വലിയൊരു ഭാഗം അങ്ങിനെ ബോട്ട് കാത്ത് നെടുമുടി ജെട്ടിയില്‍ ചിലവായിപ്പോയി എന്നതാണു യാഥാര്‍ത്ഥ്യം.


സ്കൂളിലേക്കുള്ള യാത്ര ആയിരുന്നു മറ്റൊരു ആഘോഷം. ചേര്‍ന്നു ആദ്യ രണ്ടു വര്‍ഷം സ്കൂള്‍ വള്ളത്തിലായിരുന്നു യാത്ര. ഒരു ചുരുളന്‍ വള്ളം. രാവിലെ എട്ടരക്ക് തുഴച്ചില്‍ക്കാരന്‍ ജോസ് ചേട്ടന്‍ വള്ളവുമായി എത്തും.

പല ‘സ്റ്റോപ്പു’ കളിലായി ഞങ്ങള്‍ മുപ്പതോളം പേര്‍ കേറും. ഒരു എക്സട്രാ തുഴയും വള്ളതില്‍ ഉണ്ടായിരുന്നു. ആ തുഴക്കു വേണ്ടിയുള്ള അടി പതിവായപ്പോള്‍ ഒരു ദിവസം ജോസ് ചേട്ടന്‍ വീട്ടില്‍ വന്നു.

പിറ്റേന്നു സ്കൂളില്‍ നിന്നു ചെന്നപ്പോള്‍ അപ്പൂപ്പന്‍ എനിക്കായി ഒരു കുഞ്ഞിത്തുഴ പണിയിച്ചു വച്ചിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം സ്കൂള്‍ ഒരു ബോട്ട് വാങ്ങി. ഇന്നും ആ ബോട്ടില്‍ എന്‍റെ കുഞ്ഞനുജന്‍മാര്‍ സ്കൂളില്‍ പോകുന്നു.

ആറ്റിറമ്പിലൂടെ നടക്കുമ്പോള്‍ ദൂരെ നിന്നേ ആ ബോട്ട് വരുന്നതറിയാം. അത്രയുമാണു അതില്‍ നിന്നുള്ള ബഹളം.അതു കേല്‍ക്കുമ്പോള്‍ ഒരു നിമിഷത്തേക്ക് ഞങ്ങളുടെ ഓര്‍മ്മകളും ആ ബോട്ടില്‍ കേറും.



നിത്യജീവിതത്തിനാവശ്യമായ എല്ലാ സാധനങ്ങളും മുട്ടക്കാരന്‍, പച്ചക്കറിക്കാരന്‍, മീന്‍ങ്കാരന്‍, താറാവുകാരന്‍, തൈരുകാരന്‍, ഈയം പൂശുകാരന്‍ അങ്ങിനെ പല തരം കച്ചവടക്കാരുടെ വള്ളങ്ങളിലൂടെ കുട്ടനാടിന്‍റെ ഓരോ മുക്കിലും മൂലയിലും എത്തും.

ചാന്തും കണ്മഷിയും സോപ്പും ചീപ്പും മുതല്‍ പലവ്യഞ്ജന സാധനങ്ങളും പാത്രങ്ങളും വരെ ഒരു ചെറിയ വള്ളത്തില്‍ ഒതുക്കി വരുന്ന മുട്ടക്കരന്‍റെ വരവാണു ഇതില്‍ ഏറ്റവും ആഹ്ളാദകരം.ഒരു ടൗണ്‍ വീട്ടു പടിക്കലെത്തിയ പ്രതീതിയാണു ആ വള്ളം കാണുമ്പോള്‍. അതിലൊട്ടു വെറുതെ നോക്കി നില്‍ക്കുന്നത് തന്നെ ഒരു സന്തോഷമാണു.

ബാര്‍ട്ടര്‍ സമ്പ്രദായത്തിലായിരുന്നു മുട്ടക്കാരന്‍റെ കചവടം. മുട്ടയിലായിരുന്നു വ്യവഹാരമെല്ലാം. അന്നത്തെ മുട്ടയുടെ വിലയ്ക്കനുസരിച്ച് അതിനുള്ള സാധനങ്ങള്‍ വാങ്ങാം. അന്നു മിക്കവാറും എല്ലാ വീടുകളിലും കോഴി ഉണ്ടായിരുന്നതിനാല്‍ മുട്ട ആയിരുന്നു ഏറ്റവും സുലഭമായിരുന്ന വസ്തു.മുട്ട കൊടുത്തു ഹോര്‍ലിക്സ് വാങ്ങി കുട്ടികള്‍ക്ക് കൊടുക്കുമായിരുന്നു വീട്ടമ്മമാര്‍.



ഒറ്റക്കാല്‍ വയ്ക്കാന്‍ മാത്രം വലുപ്പമുള്ള കൊതുമ്പുവള്ളത്തില്‍ മറ്റേക്കാല്‍ പുറത്തിട്ടു തുഴഞ്ഞു വരുന്ന താറാവുകാരനും കൊയ്ത്തു കാലത്തു പായസവുമായി വരുന്ന പായസക്കാരനും ഐസുകാരനും അങ്ങിനെ അങ്ങിനെ പുറം ലോകത്തു കാണുന്ന ഓരോന്നിനും ഒരു കുട്ടനാടന്‍ വകഭേദം ഉണ്ടായിരുന്നു.

നൂറു മേനി വിളവുകളുടെ സന്തോഷങ്ങളോടൊപ്പം മടവീഴ്ചകളില്‍ എല്ലാം നഷ്ടപ്പെട്ടവന്‍റെ ദുഃഖങ്ങളും കണ്ടാണു കുട്ടനാടിന്‍റെ മക്കള്‍ വളരുന്നത്.ഭാവിയില്‍ സുഖത്തേയും ദുഃഖത്തെയും സമചിത്ത തയൊടെ കാണാന്‍ ഈ അനുഭവങ്ങള്‍ ഞങ്ങളെ പഠിപ്പിച്ചു. കുട്ടനാടന്‍ കര്‍ഷകന്‍റെ ജീവിതം ഒരു ഞാണിന്‍മേല്‍ കളിയാണു. കിട്ടിയാല്‍ കിട്ടി ഇല്ലങ്കില്‍ ഒന്നും ഇല്ല. കുട്ടനാട്ടില്‍ പാടത്തു നെല്‍ കൃഷി മാത്രമേ ഉള്ളു. കരയ്ക്കു വെണ്ടയോ ,വാഴയോ, ചീരയോ എന്തും വിളയും. പക്ഷെ വെള്ളം പൊങ്ങിയാല്‍ പിന്നെ കരയില്ലാത്ത നാട്ടില്‍ കൃഷി എന്നും ഒരു ലോട്ടറി ടിക്കറ്റ് പോലെയാണു.

വെള്ളപ്പൊക്കമുണ്ടാക്കുന്ന നഷ്ട്ങ്ങളെക്കുറിച്ചുള്ള തിരിച്ചറിവുകളില്ലാത്ത പ്രായത്തില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് അതു സന്തോഷത്തിന്‍റെ ദിനങ്ങളായിരുന്നു. മറ്റൊന്നുമല്ല കാരണം ആ ദിവസങ്ങളില്‍ സ്കൂള്‍ അവധി ആയിരിക്കും എന്നതു കൊണ്ടു തന്നെ.വെള്ളം പൊങ്ങാന്‍ തുടങ്ങിയാല്‍ പിന്നെ രാവിലെ ആറരയ്ക്കുള്ള റഡിയോ വാര്‍ത്തകേള്‍ക്കാന്‍ വലിയ ഉത്സാഹമാണ്.



“ആലപ്പുഴ ജില്ലയിലെ ഏല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്റ്റര്‍ അവധി പ്രഖ്യാപിച്ചു” - ഇത്രത്തൊളം സന്തോഷത്തോടെ സ്വീകരിച്ച മറ്റൊരു ന്യൂസും ജീവിത്തതില്‍ ഉണ്ടായിട്ടില്ല.

ഇനി ഞങ്ങള്‍ കുട്ടനാട്ടുകരുടെ മാത്രം ഉത്സവം. അന്നും ഇന്നും എന്നും ഞങ്ങള്‍ക്കു ഒരെ ഒരു ദേശീയ ഉത്സവം മാത്രം - വള്ളംകളി. അതില്‍ ജാതിയോ മതമോ വര്‍ഗ്ഗമോ വര്‍ണ്ണമോ ഒന്നും ഇല്ല. ഒരെയൊരു വികാരം മാത്രം - കുട്ടനാടിന്‍റെ മക്കള്‍. ചമ്പക്കുളം മൂലം വള്ളംകളിയൊടെ ആണു കുട്ടനാട്ടില്‍ വള്ളംകളി കാലത്തിനു തുടക്കം കുറിക്കുക.

ഓരോ മത്സരവും സസൂക്ഷ്മം വീക്ഷിച്ചു വിലയിരുത്തും. നെഹ്രു ട്രോഫി നേടുന്ന വള്ളമാണു ആ കൊല്ലത്തെ ജലരാജാവ്. ഓരോ നെഹ്രു ട്രോഫി കഴിയുമ്പോള്‍ തന്നെ അടുത്ത കൊല്ലത്തേക്കുള്ള കൂട്ടലും കിഴിക്കലും തുടങ്ങിയിരിക്കും.



വള്ളംകളി അടുത്തെത്തിയാല്‍ പിന്നെ നാലു പേരു കൂടുന്നിടതെല്ലാം അതു മാത്രമാണു സംസ്സാരവിഷയം. അവരവരുടെ കരയുടെ വള്ളം നെഹ്രു ട്രോഫിയില്‍ മുത്തമിടുന്നതു ഒരിക്കലെങ്കിലും സ്വപ്നം കാനത ഒരു കുട്ടനാട്ടുകാരന്‍ അപൂര്‍വ്വമായിരിക്കും.

ചമ്പക്കുളത്തു പമ്പയുടെ ഇരു കരകളിലുമായി രണ്ട് വള്ളങ്ങളായിരുന്നു - ചമ്പക്കുളവും നടുഭാഗവും. അയല്വക്കക്കാര്‍ തമ്മില്‍ ആകുമ്പോള്‍ മത്സരം കടുക്കും.ഇരു കരക്കാര്‍ക്കും ആത്മാഭിമാനത്തിന്‍റെ പ്രശ്നമായിരുന്നു ഓരോ മത്സരവും. അന്നു ടി വി ഇല്ല. വള്ളംകളി കാണാന്‍ പുന്നമടയില്‍ എത്താന്‍ പറ്റാത്തവര്‍ക്ക് റേഡിയോ ആയിരുന്നു ആശ്രയം.

നെഹ്രു ട്രോഫി ദിവസമായ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച ഉച്ചക്ക് കുട്ടനാടിന്‍റെ നാട്ടുവഴികള്‍ വിജനമാകും. ഒന്നുകില്‍ പുന്നമടയില്‍ അല്ലെങ്കില്‍ റേഡിയൊടെ മുന്നില്‍. നാഗവള്ളി ആര്‍ എസ് കുറുപ്പും പി ഡി ലൂക്കും വി വി ഗ്രിഗറിയും പുന്നമടയുടെ ഓരോ ഭാവചലനവും അണുവിട തെറ്റാതെ അവരുടെ കോരിത്തരിപ്പിക്കുന്ന വര്‍ണ്ണനകളിലൂടെ ഓരോ വീട്ടിലും എത്തിക്കും.



ഇന്നും ലോകത്തിന്‍റെ എതു ഭാഗത്തായാലും ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച വീട്ടിലെത്തുകയാണു ഏറ്റവും സന്തോഷം.ഓണവും ക്രിസ്തുമസുമെല്ലം അതിനു ശേഷം മാത്രം.

കുട്ടനാട്ടില്‍ ജീവിച്ചിടത്തോളം കാലം ഇതാണു ലോകമെന്നും അല്ലെങ്കില്‍ ലോകം മുഴുവന്‍ ഇങ്ങനെ ആയിരിക്കും എന്നാണു കരുതിയിരുന്നത്. എന്നാല്‍ കുട്ടനാടിനും ആലപ്പുഴക്കും പുറത്തെത്തിയപ്പോളാണു അങ്ങനെ ഒരു ജീവിതം കുട്ടനാട്ടില്‍ മാത്രമേയുള്ളു എന്നു മനസ്സിലായത്. ആ തിരിച്ചറിവുതന്നെയാണു എന്നും ഒരു തനി കുട്ടനാട്ടുകാരനായിരിക്കാന്‍ ഞങ്ങള്‍ ഒരോരുത്തരെയും പ്രേരിപ്പിക്കുന്നത്.




Make Every Day Earth Day
Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

3 comments: on "ഓളപ്പരപ്പിലെ ഓര്‍മ്മകള്‍"

Unknown said...

yes man!!!!
Proud to be a Alleppeyian.....
Nostalgic one....Kudoos dr....

Arya said...

It took a handsome amount of my time to read this; but as always u just rocked. So, dosen't matter how much time I spent here. The thing that matters is how valuable the communication is. Well said. Still remember my first boating experience :) Don't know whether you remember that or not. It's happy to say that I cherish every moment I spent with you, my dear friend. In the meantime, its really sad to note that I lost my good old buddies like you and sreeja. Hope both of you are doing well. Always in my prayers.

Lots of love

Post a Comment