Thursday, March 22, 2012

  ലാല്‍സലാം ധീരസഖാവേ!!!

രോഗവും മരണവും സ്വാഭാവികമാണ്. പക്ഷെ സി കെ ചന്ദ്രപ്പന്റെ പെട്ടെന്നുള്ള വേര്‍പാട് കേരള രാഷ്ട്രീയത്തില്‍ വലിയൊരു  വിടവ് സൃഷ്ടിച്ചിരിക്കുന്നു. സ്ഥിരം ഉപയോഗിച്ച് പഴകിയ 'നികത്താനാവാത്ത നഷ്ടം' എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ സത്യമാകുന്ന അപൂര്‍വ്വം അവസരങ്ങളിലൊന്ന്. ഒരു യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്‌ എന്തായിരിക്കണം എന്ന ചോദ്യത്തിന് നിസ്സംശയം ചൂണ്ടിക്കാട്ടാന്‍ പറ്റുന്ന ഉത്തരമായിരുന്നു എന്നും ചന്ദ്രപ്പന്‍. വയലാര്‍ സമരത്തിന്റെ ചൂളയില്‍ കുരുത്ത ചന്ദ്രപ്പന്‍ ആ സമരാഗ്നി കെടാതെ എന്നും ഉള്ളില്‍ സൂക്ഷിച്ചു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ബുദ്ധിയും ശക്തിയുമായി രണ്ടായി പിരിഞ്ഞപ്പോള്‍ ബൌദ്ധികപക്ഷത്തെ അചഞ്ചല പോരാളിയായി അദ്ദേഹം നിന്നു. അച്യുതമേനോനും ടി വിയും എം എനും പി കെ വിയും ഇ ചന്ദ്രശേഖരന്‍ നായരുമൊക്കെ തിളങ്ങിനിന്ന ആ രാഷ്ട്രീയ നഭോമണ്ഡലതില്‍ അവര്‍ക്ക് സര്‍വധായോഗ്യനായ ഒരു പിന്ഗാമിയായി ചന്ദ്രപ്പന്‍ ഉണ്ടായിരുന്നു.   
 
കമ്മ്യൂണിസ്റ്റ്‌ എന്നത് മൂല്യങ്ങള്‍ ചോര്‍ന്ന ഒരു വിശേഷണം മാത്രമാകുന്ന ഇക്കാലത്ത് ആദര്‍ശശുദ്ധിയും ലളിതജീവിതവും നിഷ്കളങ്കതയും മാത്രം കൈമുതലാക്കി ഒരു യഥാര്‍ഥ കമ്മ്യൂണിസ്റ്റ്‌ ആയി ചന്ദ്രപ്പന്‍ എന്നും ജീവിച്ചു. തന്‍റെ വ്യക്തമായ അഭിപ്രായങ്ങള്‍ ശക്തമായ ഭാഷയില്‍ എന്നും അദ്ദേഹം സധൈര്യം ഉറക്കെ വിളിച്ചുപറഞ്ഞു.
 
അഴിമതിയുടെയും അക്രമമാനോഭാവതിന്റെയും പുഴുക്കുത്തുകള്‍ ബാധിച്ച കേരളത്തിലെ പുതിയ സി പി എം നേതൃനിരയ്ക്ക് ബദലായി ഒരു ജനകീയ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സി പി ഐ ഉയര്‍ന്നു വരുന്നു എന്ന് പ്രതീക്ഷ നല്‍കിയ വേളയിലാണ് ചന്ദ്രപ്പന്റെ അപ്രതീക്ഷിത നിര്യാണം. പനിക്ക് പോലും വിദേശത്ത് ചികിത്സ തേടുന്ന ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌കള്‍ക്ക് വ്യത്യസ്തനായി തന്നെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍നെയും അതിന്റെ വേദനയും അവശതകളെയും  തൃണവല്ഗണിച്ച്  പിറവത്ത് അദ്ദേഹം ഇടതുപക്ഷത്തിനായി പ്രചാരണത്തിന് ഇറങ്ങി. തന്‍റെ സംഘടനക്കും തന്‍റെ വിശ്വാസപ്രമാണങ്ങള്‍ക്കുമായി അവസാന ശ്വാസം വരെ ജീവിച്ചു.
 
ഇനി അദ്ദേഹം വലിയചുടുകാട്ടിലേക്ക്. സര്‍ സി പിയുടെ പട്ടാളത്തിന്റെ വെടിയേറ്റ്‌ മരിച്ചവരും അര്‍ദ്ധപ്രാണരുമായ ധീരരക്തസാക്ഷികളെ കൂട്ടിയിട്ടു കത്തിച്ച, അവരുടെ രക്തം ചുവപ്പിച്ച ആ മണ്ണിനേക്കാള്‍ അനുയോജ്യമായ മറ്റൊരു സ്ഥലവും ചന്ദ്രപ്പന് പട്ടട ഒരുക്കാന്‍ ഈ ലോകത്തുണ്ടാവില്ല. വിപ്ലവവീര്യം ഒരിക്കലും ഉറങ്ങാത്ത ആ മണ്ണില്‍ പോരാട്ടത്തിന്റെ പ്രഭ ചൊരിയുന്ന ഒരു രക്തനക്ഷത്രമായി എന്നും അദ്ദേഹം നമ്മളോടൊപ്പം ഉണ്ടാവും.
 
ലാല്‍സലാം ധീരസഖാവേ!!!
Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "  ലാല്‍സലാം ധീരസഖാവേ!!!"

Post a Comment